തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ വോട്ടിംഗ് നടന്ന ഇടങ്ങളിലെല്ലാം എൽഡിഎഫാണ് മുന്നേറിയത്.
എൽഡിഎഫിന്റെ സീറ്റുകൾ 15ൽ നിന്ന് 18 ആയി ഉയരുകയും ഭൂരിപക്ഷം വർധിക്കുകയും ചെയ്തപ്പോൾ യുഡിഎഫിന്റെ സീറ്റുകളും ഭൂരിപക്ഷവും കുറയുന്ന കാഴ്ചയാണ് കാണാനായത്. നിയമസഭാ ഫലത്തിന്റെ പേരിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് കരുതുന്നവർക്കുള്ള ശക്തമായ മറുപടിയാണ് ഈ ജനവിധി. തിരുവനന്തപുരം കല്ലറ ഡിവിഷൻ യുഡിഎഫ് നിലനിർത്തിയത് ബിജെപിയുമായുള്ള പരസ്യമായ ധാരണയിലൂടെയും വോട്ട് കച്ചവടത്തിലൂടെയുമാണ്.
തിരുവനന്തപുരം ജില്ലയിൽ ബിജെപി വോട്ടുകൾ പരസ്യമായി യുഡിഎഫിലേക്ക് മറിയുന്ന സാഹചര്യമാണ് ഉണ്ടായത്. യുഡിഎഫ് സർക്കാരും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും യുഡിഎഫ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ കഴിഞ്ഞ തവണത്തെ വലിയ ഭൂരിപക്ഷം 436 വോട്ടായി കുത്തനെ ഇടിഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്.
എറണാകുളം കോർപറേഷനിലും യുഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. അതേസമയം കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷൻ തിരിച്ചുപിടിക്കാനും, പാലക്കാട് പല്ലശ ഡിവിഷൻ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ നിലനിർത്താനും മട്ടന്നൂർ നഗരസഭയിൽ വോട്ട് വിഹിതം വർധിപ്പിച്ച് വിജയം ഉറപ്പിക്കാനും എൽഡിഎഫിനായി. ജനങ്ങളുടെ ഈ അംഗീകാരം ഉൾക്കൊണ്ട് പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.